അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മമ്പുറം , കൊടുവായൂര്‍ (എ ആര്‍ നഗര്‍ ) പുകയൂര്‍ അംശങ്ങള്‍ അടങ്ങിയ പ്രദേശമാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തായി അറിയപ്പെടുന്നത്. സ്വാതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ ഈ ഗ്രാമ പഞ്ചായത്തിന്  ലഭിക്കുന്നതിന് വേണ്ടി അക്ഷീണം യത്നിച്ച വി.എ അഹമ്മദ് ആസാദിനെ പോലെയുള്ള സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. വൈദേശിക ഭരണത്തിനെതിരെ പൊതു സമൂഹത്തെ സമര സജ്ജരാക്കി പട നയിച്ച  മമ്പുറം തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മമ്പുറം മഖാമും പുരാതന ചരിത്ര പാരമ്പര്യമുള്ള കൊടുവായൂര്‍ സുബ്രഹ്മണ്യ ക്ഷേത്രവും ഈ ഗ്രാമത്തിന്‍റെ മതമൈത്രി വിളിച്ചോതുന്നു. 
1962 ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിലെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് 1963 ഡിസംബര്‍ 4 ന് ആയിരുന്നു. ഗ്രാമ പഞ്ചായത്തിന്‍റെ ശില്‍പിയായിരുന്ന വി എ ആസാദ് സാഹിബിന്‍റെ  നേതൃത്വത്തിലുള്ള ഏഴംഗ ഭരണ സമിതിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. 2025 ഡിസംബര്‍ 21 ന് അധികാരമേറ്റ ലൈല പുല്ലൂണി (പ്രസിഡണ്ട്) ആയ 24 അംഗ ഭരണ സമിതിയാണ് നിലവിലുള്ളത് . 
ആദ്യകാലത്ത് മലഞ്ചരക്ക് വ്യാപാരത്തിന്‍റെയും സുഗന്ധ ദ്രവ്യങ്ങളുടെയും ശേഖരണ വിപണന കേന്ദ്രമായിരുന്ന ഈഗ്രാമം അയല്‍ പ്രദേശത്തുള്ളവര്‍ക്ക് പോലും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആശ്രയമായിരുന്നു. എന്നാല്‍ ഇന്ന് കാര്‍ഷിക മേഖലയില്‍ നിന്നും ആളുകള്‍ വിട്ട് നില്‍ക്കുകയും കമ്പോള വത്കരണം ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തതോടെ കാര്‍ഷിക വിപണി തീര്‍ത്തും നിര്‍ജ്ജീവമായി.പൊതു മാര്‍ക്കറ്റിന്‍റെ അഭാവം പഞ്ചായത്തിന്‍റെയും സാധാരണ ജനങ്ങളുടെയും ധനാഗമ  മാര്‍ഗ്ഗത്തെ സാരമായി ബാധിച്ചിരിക്കുന്നു.